Home>>Latest News>>കോൺഗ്രസിൽ തമ്മിലടി രൂക്ഷം; ഡിസിസി നേതൃത്വം ഇടപെട്ടു…
Latest News

കോൺഗ്രസിൽ തമ്മിലടി രൂക്ഷം; ഡിസിസി നേതൃത്വം ഇടപെട്ടു…

കൽപറ്റ ∙ തിര‍ഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ അസ്വാരസ്യങ്ങൾ പരസ്യമായ ആരോപണ പ്രത്യാരോപണങ്ങളിലേക്കു വഴിമാറിയതോടെ ഇടപെടാൻ ഡിസിസി നേതൃത്വം. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഇടതുമുന്നണിയുടെ കടന്നുകയറ്റവും പൊഴുതനയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയുടെ തോൽവിയുമാണു കോൺഗ്രസിലെ തമ്മിലടി രൂക്ഷമാക്കിയത്.

പൊഴുതനയിൽ തന്നെ തോൽപിക്കാൻ സിപിഎമ്മുമായി ചിലർ വോട്ടുകച്ചവടം നടത്തിയെന്ന ഗുരുതരാരോപണവുമായി കെ.എൽ. പൗലോസ് തന്നെ രംഗത്തെത്തി. തൊട്ടുപിന്നാലെ, ഇതിനു മറുപടിയെന്നോണം ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ പത്രസമ്മേളനവും നടത്തി. പാർട്ടിക്കു പുറത്തുള്ള പരസ്യപ്രതികരണം അനുവദിക്കാനാകില്ലെന്ന് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ചില പരാതികൾ ഗൗരവമുള്ളതാണ്. നേതാക്കന്മാരുടെയും സ്ഥാനാർഥികളുടെയും പരാതികൾ കൂട്ടായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പൊഴുതന ഡിവിഷനു കീഴിലുള്ള പഞ്ചായത്തുകളിലുൾപ്പെടെ യുഡിഎഫ് പിന്നോട്ടു പോയതിനു പിന്നിൽ വോട്ട് കച്ചവടമാണെന്നായിരുന്നു കെ.എൽ. പൗലോസിന്റെ ആരോപണം. മത്സരിക്കാൻ താൽപര്യമില്ലാതിരുന്ന സീറ്റിൽ സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദമുണ്ടായതു കൊണ്ടുമാത്രമാണു സ്ഥാനാർഥിയായതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സീറ്റ് പിടിച്ചു വാങ്ങിയവർക്കു തന്നെ ജയിക്കാനുള്ള ഉത്തരവാദിത്തവുമുണ്ടെന്ന് പി.കെ. അനിൽകുമാർ പറഞ്ഞു.

ആരും മത്സരിക്കാനില്ലാത്തതുകൊണ്ടാണ്‌ പൊഴുതനയിൽ മത്സരിച്ചതെന്ന വാദം തെറ്റാണ്‌. സംസ്ഥാന നേതൃത്വത്തിൽ സമ്മർദം ചെലുത്തി സീറ്റ് വാങ്ങിയെടുത്തു പലരും സ്ഥാനാർഥികളായി. കെ.എൽ. പൗലോസിനെ പാർട്ടിയുടെ ഉറച്ച സീറ്റിൽ മത്സരിപ്പിക്കണമായിരുന്നു. പ്രസിഡന്റ്‌ സ്ഥാനാർഥിയായി മത്സരിച്ചയാൾ പൊഴുതനയിൽ തോൽക്കുമെന്ന പ്രതീതിയുണ്ടായത്‌ മറ്റു ഡിവിഷനുകളിലും പരാജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.