Follow us on :


ചെലവ് കുറഞ്ഞ മഴവെള്ളസംഭരണ രീതികള്‍
ചെലവ് കുറഞ്ഞ മഴവെള്ളസംഭരണ രീതികള്‍ സംബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഏകദിന ശില്‍പശാല നടത്തി. ‘ചെലവുകുറഞ്ഞ മഴവെള്ള സംഭരണ രീതികളും മത്സ്യവളര്‍ത്തലും’ എന്ന വിഷയത്തില്‍ നടത്തിയ ശില്‍പശാല ജില്ലാ സെഷന്‍സ് ജഡ്ജിയും ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാനുമായ ഡോ.വി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് എ.ജി.സതീഷ് കുമാര്‍, സുല്‍ത്താന്‍ ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.പി.ഡി.സജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മേഖലാ കാര്‍ഷികഗവേഷണകേന്ദ്രം റിസര്‍ച്ച് അസി.ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍, മത്സ്യകര്‍ഷകന്‍ ശശീന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റി, ഫിഷറീസ്, വനം, കൃഷി, പട്ടികവര്‍ഗ്ഗ വകുപ്പ്, നബാര്‍ഡ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പശാല നടത്തിയത്. ജില്ലയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും വരള്‍ച്ചാ സാധ്യതയുടെയും അടിസ്ഥാനത്തിലാണ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. ചെലവ് കുറഞ്ഞ രീതിയില്‍ നടപ്പാക്കാവുന്ന വിവിധ മഴവെള്ള സംഭരണ രീതികള്‍, ഘടന, നിര്‍മ്മാണം എന്നിവ സംബന്ധിച്ച് വിദഗ്ധര്‍ പരിശീലനം നല്‍കി. സമൃദ്ധമായി മഴ ലഭിക്കുന്ന സമയത്ത് പരമാവധി മഴവെള്ളം സംഭരിച്ച് ജലക്ഷാമം നേരിടുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന കുളങ്ങളില്‍ മത്സ്യകൃഷിയും നടത്തുന്നതിലൂടെ ആദായവും ഉറപ്പാക്കാം. കര്‍ഷകര്‍, പ്രകൃതി സ്‌നേഹികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.