Follow us on :


ടിക്കറ്റ് വില്‍‌പനയില്‍ സമഗ്ര പരിഷ്കരണത്തിനൊരുങ്ങി റെയില്‍വെ.
ടിക്കറ്റ് വില്‍‌പനയില്‍ സമഗ്ര പരിഷ്കരണത്തിനൊരുങ്ങി റെയില്‍വെ. ഓണ്‍ലെന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിങിന് ഉടന്‍തന്നെ ആധാര്‍ നമ്പര്‍ നിര്‍‌ബന്ധമാക്കിയേക്കും. കറന്‍സി രഹിത ഇടപാടിലൂടെ ടിക്കറ്റ് വില്‍കാനുള്ള സൌകര്യം വര്‍ധിപ്പിക്കാനും റെയില്‍വെ തീരുമാനിച്ചു. വലിയ അളവില്‍ ടിക്കറ്റ് വാങ്ങിക്കൂട്ടി കൂടിയ വിലക്ക് വില്‍ക്കുന്ന ഇടനിലക്കാരുടെ പങ്ക് ഇല്ലാതാക്കലാണ് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. ഒപ്പം ഒരു പരിധിവരെ ആള്‍മാറാട്ടം തടയാനാകുമെന്നും റെയില്‍വെ കണക്ക് കൂട്ടുന്നു. പരിഷ്കരണത്തിന് മുന്നോടിയായി മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്നതിന് ഏപ്രില്‍ ഒന്നുമുതല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കും. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ ‍ തന്നെ റെയില്‍വെ ചെയ്തു വരുന്നുണ്ട്. കറന്‍സി രഹിത ഇടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 6000 സ്വൈപിങ് മെഷീനുകളും 1000 ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളും റെയില്‍വേ സ്റ്റേഷനുകളില്‍ ഉടന്‍ സ്ഥാപിക്കും. പരിഷ്കരണങ്ങളുടെ ഭാഗമായി ടൂറിസ്റ്റ് കേന്ദ്രങ്ങളെ മാത്രം ബന്ധിപ്പിക്കുന്ന പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനും റെയില്‍വെ ആലോചിച്ച് വരികയാണ്.