Follow us on :


അധ്യാപക വിദ്യാര്‍ത്ഥി പ്രതിഷേധം
ഡല്‍ഹി രാംജാസ് കോളജിലെ എബിവിപി ആക്രമണത്തെ എതിര്‍ത്തും ഗുര്‍മെഹര്‍ ഖൌറിനെ പിന്തുണച്ചുമുള്ള അധ്യാപക വിദ്യാര്‍ത്ഥി പ്രതിഷേധം പാര്‍ലമെന്റിന് മുന്നിലേക്ക്. സര്‍വകലാശാലകളിലെ സമാധാനവും സുരക്ഷയും പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. കാമ്പസുകളിലെ എബിവിപി അതിക്രമങ്ങള്‍ക്കെതിരെ എസ്എഫ്ഐയും ഡല്‍ഹി ജന്ദര്‍മന്തറില്‍ ചലോ ഡല്‍ഹി എന്ന പേരില്‍ പ്രതിഷേധ മാര്‍ച്ച് നിശ്ചയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് മറുപടിയായുള്ള എബിവിപിയുടെ തിരംഗ മാര്‍ച്ചും തുടരുകയാണ്. രാംജാസ് കോളജിലെ സെമിനാറിന് നേരെയുണ്ടായ ആക്രണമണത്തിലും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളിലും ഉടലെടുത്ത പ്രതിഷേധം കാമ്പസിന് പുറത്തേക്കും വ്യാപിക്കുകയാണ്. എബിവിപിയുടെ സര്‍വകലാശാല കാമ്പസുകളിലെ ഗുണ്ടായിസം, ആക്രമണം, ബലാത്സംഗം അടക്കമുള്ള ഭീഷണി അവസാനിപ്പിക്കുക, സ്വതന്ത്രമായി പഠിക്കാനും ചര്‍ച്ച ചെയ്യാനും സംസാരിക്കാനുമുള്ള അവകാശവും സുരക്ഷയും ഉറപ്പാക്കുക, കുറ്റക്കാരായ എല്ലാവരെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും മുന്നോട്ട് വക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി മണ്ടി ഹൌസില്‍ നിന്നും പാര്‍ലമെന്റിലേക്കാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കാമ്പസുകളില്‍ നിന്നുയരുന്ന പുത്തന്‍ ആശങ്ങളെ അടിച്ചമര്‍ത്താനും ഭരണകൂട താല്‍പര്യങ്ങളെ നടപ്പിലാക്കാനുമുള്ള ബിജെപിയുടെയും എബിവിപിയുടെയും ശ്രമങ്ങള്‍ക്കെതിരായാണ് എസ്എഫ്ഐ മാര്‍ച്ച്. കാമ്പസുകളിലെ സമാധാനവും സുരക്ഷയും ഇല്ലാതാക്കുന്നത് ഇടത് - വലത് സംഘടനകളാണെന്ന ആരോപണമുന്നയിച്ചാണ് എബിവിപിയുടെ തിരംഗ മാര്‍ച്ച് തുടരുന്നത്. എബിവിപിയും പ്രതിഷേധം കാമ്പസിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.